ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ വെബ് സൈറ്റിലേക്ക് സ്വാഗതം
സാമൂഹ്യ സാംസ്കാരിക ചരിത്രം

     ഐതിഹ്യ പ്രസിദ്ധമായിരുന്ന ഉദയമംഗലം ഒദയോത്തും ഒതോത്തും ക്രമേണ ഉദുമയായി മാറുകയാണുണ്ടായത്. ഉദുമ, ബാര, കോട്ടിക്കുളം (പഴയ പള്ളിക്കര 2) എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ പഞ്ചായത്ത്. ഉദുമയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം കേരളത്തിന്റെ, വിശിഷ്യ വടക്കേ മലബാറിന്റെതില്‍ നിന്നും വ്യത്യസ്തമല്ല. എന്നാല്‍ പ്രകടമായ ഒരു വ്യത്യാസം ബേക്കല്‍ കോട്ടയും ഇക്കേരി രാജവംശവുമായി ഉണ്ടായ ബന്ധം തന്നെയാണ്. വടക്കേ മലബാര്‍  കോലത്ത് നാട് എന്ന് പൊതുവേ അറിയപ്പെട്ടിരുന്നു. കോലത്തിരിമാരുടെ ഭരണം ഉദുമ മൊത്തം വ്യാപിച്ചിരുന്നു. കോലത്ത്  രാജവംശത്തിന്റെ ഒരു ഉപവിഭാഗമായ മൂന്നാംകൂറിന്റെ ആസ്ഥാനം തന്നെ വേക്കളമായിരുന്നു. ആ വേക്കളമാണ് പിന്നീട് ബേക്കലമായത്. ബേക്കലം കോട്ടയുടെ നിര്‍മിതി ഇക്കേരി രാജാക്കന്മാരില്‍ ഒരാളായ ശിവപ്പനായിക്കിന്റെ വകയായി എഴുതപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു മുമ്പ് തന്നെ കോട്ടയുടെ പ്രഗത്ഭരൂപം അവിടെ ഉണ്ടായിരുന്നുവെന്നും ശിവപ്പനായിക്ക് അത് ബലപ്പെടുത്തുകയോ വിപുലപ്പെടുത്തുകയോ ചെയ്തു എന്നുവേണം അനുമാനിക്കാന്‍. ബേക്കലംകോട്ടയുടെ കാവല്‍ക്കാരായി തുളുനാട്ടില്‍ നിന്നും ഇക്കേരി രാജാക്കന്മാരുടെ കൂടെ ഇവിടെ എത്തി ചേര്‍ന്ന ‘ഷേരിഗാരു’ എന്നറിയപ്പെട്ടിരുന്ന ചേരിയക്കാര്‍ ഇന്നും ഉദുമയില്‍ ധാരാളമുണ്ട്. കോട്ടയുടെ കാവല്‍ക്കാരായി ഇവിടെയെത്തിയ ഇവര്‍ക്ക് ശമ്പളമായി നല്‍കിയ ഭൂമിയുടെ ഉടമസ്ഥരായി പിന്നീട് അവര്‍ മാറി. ഇരുപത് വര്‍ഷം മുമ്പ് വരെ കോട്ടിക്കുളം (പഴയ പള്ളിക്കര രണ്ടാം) ഗ്രാമത്തിലെ ഭൂമിയുടെ ഭൂരിഭാഗവും ഈ വിഭാഗക്കാരുടെ കൈവശമായിരുന്നു.  മറ്റൊരു വിഭാഗം ഹനഫി വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളായിരുന്നു. മൈസൂര്‍ പുലി എന്നറിയപ്പെട്ട ടിപ്പുസുല്‍ത്താന്റെ കേരളപടയോട്ടക്കാലത്ത് പടയാളികളായും അനുസാരികളായും ഇവിടെയെത്തിയ ഈ വിഭാഗം പള്ളിക്കര ഗ്രാമത്തില്‍ ഇന്നും താമസിക്കുന്നുണ്ട്. ഹിന്ദുസ്ഥാനി മാതൃഭാഷ സംസാരിക്കുന്ന ഈ ഹനഫി മുസ്ളീങ്ങള്‍ ഇന്നും അവരുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നുണ്ട്. ഉദുമയുടെ വര്‍ഗസ്വഭാവം വളരെ സങ്കീര്‍ണമായ ഒന്നായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവും സമ്പത്തും ആയിരുന്നു ജാതി വ്യവസ്ഥയെക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിരുന്നത്. ഭൂമിയുടെ ഭൂരിഭാഗവും ദേവസ്വങ്ങളുടെ കീഴിലായിരുന്നു. ബ്രാഹ്മണ മേധാവിത്വം ഇതില്‍ പ്രകടമാണ്. അത്തരം ബ്രാഹ്മണ കുടുംബങ്ങള്‍ (ഇല്ലങ്ങള്‍) ഇന്നും ഉദുമയിലുണ്ട്. നായര്‍ പ്രമാണി കുടുംബങ്ങളും അന്ന് ഉണ്ടായിരുന്നു. മറ്റ് ജാതി വിഭാഗങ്ങള്‍ പ്രായേണ ഭൂരഹിതരും കര്‍ഷക തൊഴിലാളികളും മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരും ആയിരുന്നു. വിദ്യാഭ്യാസപരമോ മറ്റ് സാംസ്കാരികമായോ ഉള്ള മേന്മ അവകാശപ്പെടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. സാംസ്കാരിക സ്ഥാപനങ്ങളായി അന്ന് ക്ഷേത്രങ്ങളും പള്ളികളും മാത്രമാണുണ്ടായിരുന്നത്. സവര്‍ണ്ണരുടെ ഇടയില്‍ കഥകളി ഉണ്ടായിരുന്നുവെങ്കിലും അവര്‍ണ്ണരുടെ വിനോദം കോല്‍ക്കളി, പൂരക്കളി, എന്നിവയായിരുന്നു. തൊട്ടു കൂടായ്മയും അന്നുണ്ടായിരുന്നു. ഭാഷയില്‍ ഇന്നും കര്‍ണാടകം, തുളു, ഹിന്ദുസ്ഥാനി എന്നിവയുടെ സ്വാധീനം പ്രകടമാണ്. ഉദുമയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് ദേശീയ പ്രസ്ഥാനത്തോടെയാണ്. ഇന്ത്യയിലും കേരളത്തിലും അലയടിച്ച സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ആവേശം ഉദുമയിലും ഉണ്ടായി. 1889 ല്‍ മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ബാസല്‍ മിഷന്‍ ക്രിസ്ത്യന്‍ സംഘം ഒരു സ്കൂള്‍ ബേക്കലത്ത് സ്ഥാപിച്ചു. ഉദുമയില്‍ കുടിപ്പള്ളിക്കൂടമായി 1923 ല്‍ സ്ഥാപിക്കപ്പെട്ട സ്കൂളും നിരവധി പേര്‍ക്ക് വിദ്യാഭ്യാസം നല്‍കിയ സ്ഥാപനമാണ്. ഉദുമ ഇസ്ളാമിയ സ്കൂള്‍ അക്കാലത്ത് തന്നെ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ്. ഉദുമയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവരില്‍ പ്രമുഖന്‍ റസാഖ് മാസ്റ്ററായിരുന്നു. കെ.മാഹിന്‍ മാസ്റ്റര്‍ ആദ്യകാല പ്രവര്‍ത്തകരില്‍പെടുന്നു.

 

ഉദുമ