ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ വെബ് സൈറ്റിലേക്ക് സ്വാഗതം
പ്രാദേശിക പുരോഗമന ചരിത്രം

          പഞ്ചായത്തില്‍ ഒരു വിദ്യാലയം ആദ്യമായി സ്ഥാപിക്കപ്പെടുന്നത് 1889 ലാണ്. മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാസല്‍ മിഷന്‍ ബേക്കലില്‍ (മലാംകുന്നു) സ്ഥാപിച്ച  എയിഡഡ് എല്‍.പി. സ്കൂള്‍ ബേക്കല്‍ ആണ് പ്രസ്തുത വിദ്യാലയം. കന്നട ഭാഷയിലാണ് അവിടെ അധ്യായനം നടത്തിയിരുന്നത്. എന്നാല്‍ 1932 ല്‍ തന്നെ ഇന്നത്തെ ഉദുമ ഗവ. എല്‍.പി. സ്കൂള്‍ ഉദുമ ടൌണില്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചിരുന്നു. തിരുവക്കോളി എല്‍. പി. സ്കൂളും അതിനു തൊട്ടുതന്നെ ആരംഭിച്ചതാണ്. ബാരയില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ വെല്‍ഫെയര്‍ സ്കൂളാണ് ഗവ. വെല്‍ഫെയര്‍ സ്കൂളായി വളര്‍ന്നു വന്നത്. ഉദുമയിലെ ജനങ്ങള്‍ക്ക് ആദ്യകാലത്ത് താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട്ടുമായി ബന്ധപ്പെടാനുള്ള മാര്‍ഗം പാലക്കുന്ന്-തച്ചങ്ങാട് വഴി പള്ളിക്കരയിലൂടെയായിരുന്നു. എന്നാല്‍ ബേക്കല്‍ പാലം വന്നതോടുകൂടി ഏകദേശം 10 കി. മീറ്റര്‍ ദൂരം ലാഭിക്കാന്‍ കഴിഞ്ഞു. നാഷണല്‍ ഹൈവേ-17ല്‍ തെക്കില്‍ പാലം നിര്‍മ്മിച്ചതോടു കൂടി ചട്ടഞ്ചാല്‍ വഴി കാസര്‍ഗോഡേക്കുള്ള ഗതാഗതം അല്‍പം കൂടി സുഗമമായി. 1905-ല്‍ പഞ്ചായത്തിലൂടെ 4.34 കി.മീറ്റര്‍ ദൂരത്തില്‍ കടന്നുവന്ന റെയില്‍പാളം ഗതാഗത വാണിജ്യ രംഗത്തെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കോട്ടിക്കുളം റെയില്‍വേസ്റ്റേഷനില്‍ ആദ്യകാലങ്ങളില്‍ ലോക്കല്‍ വണ്ടികള്‍ മാത്രമേ നിര്‍ത്തിയിരുന്നുള്ളു. മത്സ്യതൊഴിലാളികളുടെ മത്സ്യം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ഈ സ്റ്റേഷന്‍ ആദ്യം മുതലേ ഉപയോഗിച്ചിരുന്നു. ദീര്‍ഘദൂരയാത്രക്ക് പോകുന്ന ഇവിടുത്തെ ജനങ്ങള്‍ ലോക്കല്‍ വണ്ടികളില്‍ കാഞ്ഞങ്ങാട്ടോ കാസര്‍ഗോഡോ പോയി മറ്റ് ദീര്‍ഘദൂര ട്രെയിനുകളെ ആശ്രയിക്കുകയായിരുന്നു പതിവ്.

 

 

ഉദുമ