കാര്‍ഷിക ചരിത്രം
1920-ലെ കണക്കനുസരിച്ചു തന്നെ നെല്‍കൃഷിക്ക് പ്രാധാന്യമുള്ള ഒരു പഞ്ചായത്തായിരുന്നു ഉദുമ. കൃഷി ഭൂമിയുടെ ഭൂരിഭാഗവും മൂന്നാ നാലോ വന്‍കിട ജന്മിമാരുടേയും മൂന്നാളം ദേവസ്വങ്ങളുടേയും കീഴിലായിരുന്നു. മുഴുവന്‍ കൃഷിക്കാരും ജന്മിമാരുടെ കുടിയാന്മാരായിരുന്നു. ജന്മി-കുടിയാന്‍ സമ്പ്രദായം അന്നത്തെ നാട്ടാചാരമായിരുന്നു. കുടിയാന് സ്വന്തമായി ഭൂമിയില്ല. അതായത് പാട്ടകുടിയായ്മ, വാരം, നുരി തുടങ്ങിയവ നിലവിലുണ്ടായിരുന്നു. ഒരു വര്‍ഷം പാട്ടം കൊടുക്കാതെ വന്നാല്‍ കര്‍ഷകന്‍ ഇറക്കിയ മുഴുവന്‍ കൃഷിയും ജന്മി കൊയ്തെടുക്കുക പതിവായിരുന്നു. ഇതിനെ ‘ഒടികുത്തല്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കാര്‍ഷിക വൃത്തി ഒരു ജീവിതോപാധി എന്നതിലുപരി ഒരു സംസ്ക്കാരമായിരുന്നു. നാടന്‍ വിത്തുകളായ കയമ്മ (ഉണ്ട കയമ്മ) വെള്ളതൌവ്വന്‍, തൊണ്ണൂറാന്‍, ചോമന്‍, തവളക്കണ്ണന്‍, കീരിപ്പാല തുടങ്ങിയ വിത്തുകളും ജൈവവളങ്ങളും പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളും അവലംബിച്ചുള്ള കൃഷി രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ചാമ, ചോളം, എള്ള്, മുതിര, പയറ്, മധുര കിഴങ്ങ്, വിവിധ ഇനം പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തിരുന്നു. ജലസേചനത്തിനായി ഏത്തം, പാത്തി, മണ്‍ചിറകള്‍ മുതലായ മാര്‍ഗങ്ങളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കീടങ്ങളെ നശിപ്പിക്കാന്‍ വെണ്ണീര് പാറ്റല്‍, പെരിച്ചാഴി വരാതിരിക്കാന്‍ പച്ചക്കറിപ്പാടങ്ങളില്‍ ചൂരി മുള്ളു വെയ്ക്കല്‍ തുടങ്ങിയ നടപടികളാണ് അനുവര്‍ത്തിച്ചിരുന്നത്. ആദ്യമായി ഒരു യന്ത്രകലപ്പ പഞ്ചായത്തില്‍ ഉപയോഗിക്കപ്പെട്ടത് അറുപതുകളുടെ ആദ്യപാദത്തിലാണ്.