ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
കാസര്‍ഗോഡ് ജില്ലയില്‍, ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഉദുമ, ബാര, കോട്ടിക്കുളം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഉദുമ ഗ്രാമ പഞ്ചായത്ത്. 23.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്: ചെമ്മനാട് പഞ്ചായത്തും, തെക്ക്: പള്ളിക്കര പഞ്ചായത്തും, കിഴക്ക്: പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളും, പടിഞ്ഞാറ്: അറബിക്കടലുമാണ്. ഇന്നത്തെ ഉദുമ പഞ്ചായത്തിന്റെ ചരിത്രം പൂര്‍ത്തിയാകുന്നത് 1962 ലെ പഞ്ചായത്ത് പുനര്‍ വിഭജനത്തോടെയാണ്. അതിനു മുമ്പ് പഞ്ചായത്തിലെ ഇന്നത്തെ കോട്ടിക്കുളം (പഴയ പള്ളിക്കര-2) ഗ്രാമം പള്ളിക്കര പഞ്ചായത്തിലായിരുന്നു. 1940 ലായിരുന്നു ഉദുമ പഞ്ചായത്ത് രൂപം കൊണ്ടത്. 1942 ലാണ് ആദ്യത്തെ ഭരണസമിതി നിലവില്‍ വരുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം ഇല്ലാത്ത കാലത്തായിരുന്നു ആ തെരഞ്ഞെടുപ്പ്. ഭൂമിയുള്ളവര്‍ക്കും നികുതി കൊടുക്കുന്നവര്‍ക്കും മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. അവരുടെ എണ്ണം വളരെ കുറവും. ആദ്യത്തെ പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റ് കെ.സി.മുഹമ്മദും ആയിരുന്നു. നൂമ്പില്‍ പുഴയുടെയും ബേക്കലം പുഴയുടേയും മധ്യേ കിടക്കുന്ന ഉദുമ പഞ്ചായത്ത് വിഭിന്ന സംസ്ക്കാരങ്ങളുടെ സംഗമ ഭൂമിയാണ്. പുഴകളും മലകളും, താഴ്വരകളും, വയലേലകളും, പടിഞ്ഞാറ് അറബിക്കടലും എല്ലാം ഒത്തൊരുമിക്കുന്ന ഈ മനോഹരമായ ഭൂമി സമ്പന്നമായ ഒരു പൈതൃകത്തിന് ഉടമയാണ്. ഉത്സവങ്ങളും, നേര്‍ച്ചകളും, പൂരക്കളിയും, ദഫ് മുട്ടും ഈ സംസ്ക്കാരത്തിന്റെ തനിമയാര്‍ന്ന വക ഭേദങ്ങളാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ നൂറ്റാണ്ടുകളോളമായി സഹിഷ്ണുതയോടെ ജീവിച്ചു പോരുന്നത് ഈ സാംസ്കാരിക സമന്വയം കൊണ്ടാണ്. ബേക്കല്‍ കോട്ട നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഇക്കേരി രാജവംശത്തില്‍പ്പെട്ട ശിവപ്പ നായ്ക്കര്‍ കര്‍ണ്ണാടകയില്‍ നിന്നും പടയാളികളായി കൊണ്ടുവന്ന രാമരാജ്യക്ഷത്രിയ വിഭാഗത്തില്‍പ്പെട്ടവരുടെ പിന്‍മുറക്കാരാണ് എന്നു പറയപ്പെടുന്നു. ഇവരെ തിരുവക്കോളി, പട്ടത്താനം, മലാംകുന്ന്, മുതിയക്കാല്‍ എന്നീ പ്രദേശങ്ങളില്‍ കാണാം. തുളു രാജവംശത്തിലെ കൃഷ്ണ ദേവരായരുടെ ആളുകളും ഈ വിഭാഗത്തില്‍പ്പെടുന്ന ഏതാനും കുടുംബങ്ങള്‍ ഇപ്പോഴും ഉദുമയിലുണ്ട്. അതേ രീതിയില്‍ പിന്നീട് വന്ന മറ്റൊരുകൂട്ടര്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടെ എത്തിച്ചേര്‍ന്നത് ഹനഫി വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ്. കര്‍ണ്ണാടകം, തുളു, ഹിന്ദുസ്ഥാനി എന്നീ ഭാഷകള്‍ ഇവിടത്തെ മലയാള ഭാഷയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വ്യാപാരത്തിനായി കൊങ്കണ്‍ തീരത്തുനിന്നും ഇവിടെയെത്തിയ ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട കൊങ്കിണിമാരും മതപ്രചാരണാര്‍ത്ഥം ഇവിടെയെത്തി ആദ്യ വിദ്യാലയം സ്ഥാപിച്ച ബാസല്‍ മിഷന്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികളും ഇവിടത്തെ സംസ്ക്കാരത്തിന് ഏറെ സംഭാവനകള്‍ നല്‍കിയവരാണ്. ഉദുമയിലെ ആദ്യ കാല സാമൂഹ്യവ്യവസ്ഥയായ ഭൂവുടമാ അടിയാന്‍ സമ്പ്രദായം പുതിയ നിയമങ്ങളുടെ ആവിര്‍ഭാവത്തോടെ നിലച്ച് പോയെങ്കിലും വലിയ ഇല്ലങ്ങളും കൂറ്റാന്‍ ബംഗ്ലാവുകളും അതിന്റെ നിത്യസ്മാരകങ്ങളായി ഇന്നും നിലനില്‍ക്കുന്നു. പഞ്ചായത്തില്‍ വിവിധ മതക്കാരുടെ ആരാധനാലയങ്ങള്‍ കാണാം. പൗരാണിക പ്രശസ്തി ഉള്ളവരും ഐതിഹ്യങ്ങള്‍ ഉറങ്ങിക്കിടക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങള്‍ തറവാട് വീടുകള്‍, കാവുകള്‍ എന്നിവ ഇവിടങ്ങളില്‍ ഉണ്ട്.